പ്രൊമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ വാഹനാപകടത്തിൽ കടമേരി സ്വദേശി മരിച്ച സംഭവം; കാർ കോഴിക്കോട് സ്വദേശിനിയുടേതെന്ന് പോലിസ്
കോഴിക്കോട്: പ്രൊമോഷൻ വിഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ച് കടമേരി സ്വദേശി മരിച്ച സംഭവത്തിൽ, മലയാളി യുവതിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പേരിലാണു കാർ എന്ന് പോലിസിന്റെ വിശദമായ അന്വേഷണത്തിൽ തെളിഞ്ഞു. ബീച്ച് റോഡിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ കടമേരി തച്ചിലേരി താഴെക്കുനി ആൽവിൻ (20)ആണ് കാറിടിച്ചു മരിച്ചത്.
ആഡംബര കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഹൈദരാബാദിലെ കമ്പനിയിലെ അശ്വിൻ ജെയിന്റെ പേരിലാണു വാഹനം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഹൈദരാബാദ് കമ്പനി ഡൽഹിയിലുള്ള മറ്റൊരു കമ്പനിക്ക് കാർ വിറ്റിരുന്നു. ഡൽഹിയിലെ കമ്പനിയിൽ നിന്നാണ് വാഹനം കോഴിക്കോട് സ്വദേശിയായ യുവതിയുടെ പേരിൽ വാങ്ങിയത്. എന്നാൽ വാഹനം ഡൽഹിയിലെ കമ്പനിയുടെ ഉടമസ്ഥതയിൽ തന്നെയായിരുന്നു. വാഹനം വിറ്റതുമായി ബന്ധപ്പെട്ട് വിൽപന കരാർ മാത്രമാണ് ഉണ്ടായിരുന്നത്. കാർ യുവതിയുടെ പേരിലേക്ക് മാറ്റിയിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് വെള്ളയിൽ പൊലീസ് ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ അന്വേഷണം നടത്തി തിരിച്ചെത്തിയത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് അപകടമുണ്ടായത്. ചിത്രീകരണത്തിന് ഉപയോഗിച്ച കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സാബിദ് റഹ്മാന്റെ ലൈസൻസ് ഉൾപ്പെടെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.