കാല്‍ തെന്നി റോഡില്‍ വീണ വയോധികനെ വാഹനങ്ങള്‍ ഇടിച്ചിട്ട് പോയി, തിരിഞ്ഞുനോക്കാതെ യാത്രക്കാര്‍; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം
കണ്ണൂര്‍: ഇരിട്ടി റോഡില്‍ കാല്‍ തെന്നി വീണ വയോധികന്‍ വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി സ്വദേശി ക.എ ഗോപാലന്‍(65)ആണ് മരിച്ചത്. കീഴൂര്‍ക്കുന്നില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം.
ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലന്‍ പെട്ടെന്ന് കാല്‍ തെന്നി റോഡിലേക്ക് വീഴുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തിയ വാഹനം ഗോപാലനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി.
തുടര്‍ന്ന് രണ്ട് ഇരുചക്രവാഹനം റോഡിലൂടെ പോയെങ്കിലും ഗോപാലനെ തിരിഞ്ഞുനോക്കിയില്ല. ഇതിനിടെ തൊട്ട് പിന്നാലെ മറ്റൊരു വാഹനം കൂടി ഗോപാലന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
പിന്നീട് വന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരാണ് ഗോപാലനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗോപാലന്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. കീഴര്‍ക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കരിമ്പിന്‍ ജ്യൂസ് കടയിലെ ജോലിക്കാരനാണ് ഇയാള്‍. അപകടമുണ്ടായക്കിയ വാഹനങ്ങള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇടിച്ചിട്ട ഒരു വാഹനത്തെപറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.