റോഡ് മുറിച്ചു കടക്കവെ ടിപ്പര്‍ ലോറിയിടിച്ചു; കുറ്റ്യാടിയില്‍ വിദ്യാര്‍ത്ഥി മരിച്ചു


കുറ്റ്യാടി: കുറ്റ്യാടിക്കടുത്ത് വടയോത്ത് വാഹനമിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു.ചുണ്ടേമ്മല്‍ അസ്ലമിന്റെ മകന്‍ അഫ്‌നാനാണ് മരിച്ചത്. എട്ട് വയസാണ്. തീക്കുനി -കുറ്റ്യാടി റോഡില്‍ വടയം പള്ളിക്കടുത്ത് ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

സഹോദരനോടൊപ്പം ഓട്ടോറിക്ഷ ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി വിദ്യാര്‍ത്ഥിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വടയം സൗത്ത് എല്‍.പി.സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഫ്‌നാന്‍. ഉമ്മ ഉമൈറ.സഹോദരന്‍ അദ്നാന്‍. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഖബറടക്കം നിട്ടൂര്‍ ജുമ മസ്ജിദില്‍.