വാല്യക്കോട് മമ്മിളിക്കുളത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു; വെദ്യുതി വിതരണം തടസ്സപ്പെട്ടു


പേരാമ്പ്ര: വാല്യക്കോട് മമ്മിളിക്കുളത്തിനും കോഴിമുക്കിനുമിടയില്‍ കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

പയ്യോളിയില്‍ നിന്നും കടിയങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് 33കെ.വിയുടെ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതില്‍ കാര്‍ ഓടിച്ചിരുന്ന ആള്‍ക്കാണ് പരിക്കേറ്റത് അവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

അപകടത്തെ തുടർന്ന് കാറിന്റെ മുന്‍ വശവും പോസ്റ്റും തകര്‍ന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിരകാഷാ വിഭാഗവും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

വൈദ്യുത പോസ്റ്റിൽ കേടുപാട് സംഭവിച്ചിതനെ തുടർന്ന് രാത്രി 12 മണിയോടെ പേരാമ്പ്ര സബ്‌സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങി. പകരം രാത്രി ഒരു മണിയോടെ ചക്കിട്ടപ്പാറ സബ്‌സ്റ്റേഷനില്‍ നിന്നുള്ള സപ്ലെ ഉപയോഗിച്ച് പേരാമ്പ്രയിലെ പ്രദേശങ്ങളില്‍ വൈദ്യുതി എത്തിച്ച് വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു. പേരാമ്പ്ര നോര്‍ത്ത് സെക്ഷന്‍ എരവട്ടൂര്‍ ഭാഗങ്ങളില്‍ മേപ്പയ്യൂര്‍ സെക്ഷനു കീഴിലെ ചെറുവണ്ണൂരില്‍ നിന്നും വൈദ്യുതി എത്തിച്ചതായും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

മേപ്പയ്യൂര്‍ സബ് സ്റ്റേഷനു കീഴിലുള്ള മമ്മിളിക്കുളം ഭാഗങ്ങളിൽ വൈകുന്നേരത്തോടു കൂടി മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.