അമീബിക് മസ്തിഷ്‌ക ജ്വരം; പയ്യോളി മുനിസിപ്പാലിറ്റിയിലും തിക്കോടി പഞ്ചായത്തിലും കനത്ത ജാഗ്രത; ജലാശയങ്ങള്‍ക്ക് സമീപം ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം


തിക്കോടി: ഒരു കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിക്കോടി പഞ്ചായത്തില്‍ കനത്ത ജാഗ്രത. പഞ്ചായത്തിലെ എല്ലാ ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് വടകര ഡോട് ന്യൂസിനോട്പ റഞ്ഞു.

പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് ഇന്നലെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

പതിനാലുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പഞ്ചായത്തില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി വിളിച്ചുചേര്‍ത്തു. തിക്കോടി പഞ്ചായത്തിലെയും പയ്യോളി മുനിസിപ്പാലിറ്റികളിലെയും ജലാശയങ്ങള്‍ ക്ലോറിനേഷന്‍ ചെയ്യാന്‍ തീരുമാനിക്കുകയും ആശാവര്‍ക്കര്‍മാരെ ഇതിനായി നിയോഗിക്കുകയും ചെയ്തു. തിക്കോടിയില്‍ ക്ലോറിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

രോഗം വ്യാപിച്ചതെന്ന് കരുതുന്ന കീഴൂരിലെ കാട്ടുകുളവും ഇതിനകം ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്. ഈ കുളത്തിലേക്ക് ഇറക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിലവില്‍ പഞ്ചായത്തില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ജമീല സമദ് വ്യക്തമാക്കി.