വീട്ടിൽ നിന്നിറങ്ങിയത് രോ​ഗിക്കായി, ആക്രമണം വാ​ഹനം നിർത്തി പിന്തുടർന്നെത്തിയ ശേഷം; പേരാമ്പ്രയിൽ ആംബുലൻസ് ഡ്രെെവറെ മർദ്ദിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്


പേരാമ്പ്ര: പേരാമ്പ്രയില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവറെ ബെെക്ക് യാത്രികൻ ക്രൂരമായി മർ​ദ്ദിച്ച് കെെ പൊട്ടിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.റോം​ഗ് സെെഡ് കയറി വരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് റോഡ് സെെഡിലെ ഇടവഴിയിലേക്ക് ആംബുലൻസ് കയറ്റി നിർത്തുകയായിരുന്നു. പിന്നാലെ എത്തിയ ബെെക്ക് യാത്രികൻ ഡ്രെെവറെ മർദ്ദിക്കുകയായിരുന്നു. രോ​ഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ആണെന്ന് പറഞ്ഞിട്ടും ബെെക്ക് യാത്രികൻ ഡ്രെെവറെ മർദ്ദിച്ചു. നാട്ടുകാർ ഇടപെട്ടാണ് യുവാവിനെ മാറ്റിയത്.

വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ ചെമ്പ്ര റോഡില്‍ വനിതാ ഹോസ്റ്റലിന് സമീപത്തു വച്ചാണ് ആക്രമണം നടന്നത്. മരുതേരി സ്വദേശി അശ്വന്തിനാണ് മര്‍ദ്ദനമേറ്റത്. എതിർ ദിശയിൽ നിന്ന് ബെെക്ക് വരുന്നത് കണ്ടപ്പോൾ ഹോൺ അടിച്ചിരുന്നു, എന്നാൽ ബെെക്ക് യാത്രികൻ അത് ശ്രദ്ധിച്ചില്ലെന്ന് മനസിലായതോടെ റോഡ് സെെഡിലെ ഇടവഴിയിലേക്ക് ആംബുലൻസ് കയറ്റി നിർത്തുകയായിരുന്നുവെന്ന് അശ്വന്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പിന്നാലെ എത്തിയ ബെെക്ക് യാത്രികൻ മർദ്ദിക്കുകയായിരുന്നു. ആവള പള്ളിയത്തുള്ള രോ​ഗിയെ ആശുപത്രിയിലെത്തിക്കാനായാണ് താൻ വീട്ടിൽ നിന്നും ആംബുലൻസുമായി ഇറങ്ങിയതെന്നും യാത്രക്കിടയിലാണ് ആക്രമണ സംഭവം അരങ്ങേറിയതെന്നും അശ്വന്ത് പറഞ്ഞു.

ആംബുലൻസിന് അരികിലെത്തിയ ബെെക്ക് യാത്രികൻ ചീത്ത വിളിച്ചതിനൊപ്പം മർദ്ദിക്കുകയുമാണ് ഉണ്ടായത്. സെെറൺ മുഴക്കി പോകുന്ന ആംബുലൻസിനെ ശ്രദ്ധിച്ചില്ലെയെന്നും രോ​ഗിയെ ആശുപത്രിയിലെത്തിക്കാനാണ് പോകുന്നതെന്ന് ഞാനും സമീപത്തുണ്ടായിരുന്ന നാട്ടുകാരും പറഞ്ഞെങ്കിലും അയാൾ അത് മുഖവിലക്കെടുത്തിരുന്നില്ല. താനും കുറേ വാഹനം ഓടിച്ചയാളാണെന്ന മറുപടിയാണ് ആയാൾ നൽകിയത്. വാഹനത്തോടെ ചേർത്ത് പിടിത്ത് കെെക്ക് മർദ്ദിച്ച് ഇനി നീ വാഹനം ഓടിക്കുന്നത് കാണട്ടെ എന്നായിരുന്നു മറുപടി. കുറേ സമയത്തേക്ക് വേദനകൊണ്ടൊന്നും മനസിലായില്ല. ശേഷം മറ്റൊരു വാഹനം രോ​ഗിക്കായി പറഞ്ഞയക്കുകയായിരുന്നുവെന്നും അശ്വന്ത് കൂട്ടിച്ചേർത്തു. കെെക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് പ്ലാസ്റ്ററിട്ട് അശ്വന്ത് ഇപ്പോൾ വിശ്രമത്തിലാണ്.

Also Read- പേരാമ്പ്രയില്‍ ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച് ബൈക്ക് യാത്രികന്‍; ആക്രമണം ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന്

സംഭവത്തെ തുടർന്ന് കായണ്ണ സ്വദേശിയായ യുവാവിനെതിരെ പേരാമ്പ്ര പോലീസിൽ പരാതി നൽകി. കായണ്ണ മാണിക്കേത്ത് ഷിബിൻ ലാലിനെതിരെ പോലീസ് കേസെടുത്തു.