കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസ്; ആംബുലൻസ് ഡ്രൈവർക്ക് ജീവപര്യന്തം


പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ആംബുലൻസ് ഡ്രൈവർ കായംകുളം സ്വദേശി നൗഫലിനെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു.

ഐപിസി 366, 376, 354 എന്നീ വകുപ്പുകൾ പ്രകാരവും എസ് സി/ എസ് ടി, പി ഒ എ ആക്ട് 5എ വകുപ്പ് പ്രകാരവുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആറു വകുപ്പുകളിലായാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നത്. ഏറെ സങ്കീർണമായ അന്വേഷണമാണ് കൊവിഡ് കാലത്ത് നടന്നതെന്നും സമയബന്ധിതമായി കുറ്റപത്രം നൽകിയെന്നും കോടതി ഉത്തരവിനുശേഷം പത്തനംതിട്ട അഡീഷണൽ എസ്പി ആർ ബിനു പറഞ്ഞു.

2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ യുവതി പീഡിപ്പിക്കപ്പെട്ടത്. കൊവിഡ് സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം.