റീൽസ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശി മരിച്ച സംഭവം; അമിതവേ​ഗതയിലെത്തിയ കാർ ആൽവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു, അപകടത്തിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചു


കോഴിക്കോട്: റീൽസ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശിയായ യുവാവിനെ അമിതവേ​ഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. രാവിലെ വെള്ളയിൽ പോലിസ് സ്റ്റേഷന് സമീപം നടന്ന അപകടത്തിന്റെ ദൃശ്യം പോലിസിന് ലഭിച്ചു. രാവിലെ വാഹനങ്ങൾ കുറഞ്ഞ സമയത്താണ് അപകടം നടന്നത്.

പ്രൊമോഷന്റെ ആവശ്യാർത്ഥം കാറുകൾ ബീച്ച് റോഡിൽ നിന്ന് വെള്ളയിൽ ഭാ​ഗത്തേക്ക് യുടേൺ എടുത്ത് ചെയ്സ് ചെയ്ത് വരുന്ന വീഡിയോ ചിത്രീകരിക്കുന്നതിനായാണ് ആൽവിൻ റോഡിന് നടുവിൽ നിന്നത്. ഈ സമയം കൂട്ടത്തിലുണ്ടായിരുന്ന കാറാണ് ആൽവിനെ ഇടിച്ചത്. കാർ അമിത വേ​ഗതയിലായിരുന്നു.KL 10 BK 0001 നമ്പർ ഡിഫൻറർ വാഹനമാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലിസ് നൽകുന്ന വിവരം.

ചിത്രീകരണത്തിന് ഉപയോ​ഗിച്ച വാഹനത്തിൽ തന്നെയാണ് ആൽവിനെ ആശുപത്രിയിൽ എത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ പതിനൊന്ന് മണഇയോടെയാണ് ആൽവിൻ മരിച്ചത്. വീഡിയോ ​ഗ്രാഫറാണ് ആൽവിൻ. കോഴിക്കോടെ സ്വകാര്യ കമ്പനിയ്ക്ക് വേണ്ടിയായിരുന്നു വീഡിയോ ചിത്രീകരണം. വാഹനങ്ങൾ പോലിസ് കസ്റ്റഡിയിലെടുത്തു.

Also read:- https://vatakara.news/car-accident-while-filming-reels-a-tragic-end-for-a-native-of-katameri/