പാനൂരിൽ കോൺഗ്രസ് നേതാവിനനെ വെട്ടി പരിക്കേൽപ്പിച്ചു; പിന്നിൽ ആർ.എസ്.എസെന്ന് ആരോപണം
തലശേരി: കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡന്റും, പാനൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.പി ഹാഷിമിന് നേരെ അക്രമം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് അക്രമം നടന്നത്. വീടിനു സമീപത്തെ കല്യാണ വീട്ടിൽ നിന്നും മടങ്ങുകയായിരുന്നു ഹാഷിം.
പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും മാറ്റി.
അക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ന്യന്നൂർ കുറുമ്പക്കാവ് ക്ഷേത്ര പരിസരത്ത് കോൺഗ്രസ് ആർ.എസ്.എസ് സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹാഷിം ആക്രമിക്കപ്പെട്ടത് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.