മീത്തലെ മുക്കാളിക്ക് പിന്നാലെ ദേശീയപാത നിർമ്മാണം നടക്കുന്ന മടപ്പള്ളി മാച്ചിനേരിയിലും മണ്ണിടിഞ്ഞു
മടപ്പള്ളി: മീത്തലെ മുക്കാളിക്ക് പിന്നാലെ ദേശീയപാത നിർമ്മാണം നടക്കുന്ന മടപ്പള്ളി മാച്ചിനേരിയിലും മണ്ണിടിഞ്ഞു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സോയിൽ നൈലിംങ് ചെയ്ത ഭാഗമാണ് ഇടിഞ്ഞ് വീണത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു മണ്ണിടിഞ്ഞത്.
മാച്ചിനേരിയിൽ പടിഞ്ഞാറ് ഭാഗത്തെ കുന്ന് നേരത്തെ ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി ഇടിച്ച് താഴ്ത്തിയതായിരുന്നു. തുടർന്നാണ് ഇവിടെ സോയിൽ നൈലിംങ് ചെയ്തത്. ഇവിടെയുള്ള മണ്ണാണ് ഇടിഞ്ഞ് വീണത്. മഴ ശക്തമായി തുടർന്നാൽ കൂടുതൽ മണ്ണ് ഇടിയാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മണ്ണ് ഇടിഞ്ഞ് വീണതോടെ മുകളിലുള്ള വീട് അപകട ഭീഷണിയിലാണ്. ആൾ താമസമില്ലാത്ത വീടാണിതെന്ന് വാർഡംഗം വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മണ്ണിടിച്ചിൽ ഉണ്ടായ മാച്ചിനേരി ഷാഫി പറമ്പിൽ എംപി യുടെ നേതൃത്വത്തിൽ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് , ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.
ആഴ്ചകൾക്ക് മുൻപാണ് മീത്തലെ കണ്ണൂക്കരയിലും സോയിൽ നൈലിംഗ് ചെയ്ത ഭാഗത്തെ മണ്ണിടിഞ്ഞ് വീണത്. തൊട്ടു പിന്നാലെ മാച്ചിനേരിയിലും മണ്ണിടിഞ്ഞതോടെ ഭീതിയിലാണ് പ്രദേശവാസികൾ. ഇവിടെ കോൺഗ്രീറ്റ് ഭിത്തി കെട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.