നാദാപുരത്ത് സ്കൂൾ കുട്ടികളുമായി സാഹസിക യാത്ര; കുട്ടികളെ വീട്ടിലെത്തിക്കാൻ മറ്റുവഴികളില്ലാതയാതോടെ വെള്ളക്കെട്ടിലൂടെ ജീപ്പ് ഓടിച്ച് ഡ്രൈവർ


നാദാപുരം: സ്കൂൾ കുട്ടികളുമായി വെള്ളകെട്ടിലൂടെ ജീപ്പിന്‍റെ സാഹസിക യാത്ര. നാദാപുരം സിസിയുപി സ്കൂളിലെ കുട്ടികളേയും കൊണ്ടാണ് ജീപ്പ് വെള്ളക്കെട്ടിലൂടെ അതിസാഹസികമായി ഓടിച്ച് പോയത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് റോഡ് പൂര്‍ണമായും കാണാൻ കഴിയാത്ത അവസ്ഥയിലാണ് അപകടകരമായ രീതിയിലുള്ള യാത്ര. ജീപ്പിന്‍റെ ഏതാണ്ട് പകുതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു.

ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിനിടെ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും മറ്റുമാര്‍ഗമില്ലാതെയാണ് ഇത്തരമൊരു സാഹസിക യാത്ര നടത്തേണ്ടിവന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജീപ്പ് രക്ഷിതാക്കൾ ഏർപ്പെടുത്തിയതാണെന്നും സ്കൂളിന് നേരിട്ട് ബന്ധമില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

വെള്ളക്കെട്ടിലൂടെ കുട്ടികളുമായി പോകുന്ന ജീപ്പിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വീടിന്‍റെ മതിലില്‍ ഇരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.