പോക്സോ കേസ്; ഒളിവിലായിരുന്ന നടൻ കൂട്ടിക്കൽ ജയചന്ദ്രൻ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി
കോഴിക്കോട്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി പോക്സോ കേസിൽ പ്രതിയായതിനെ തുടർന്ന് 6 മാസത്തിലേറെയായി ഒളിവിലായിരുന്നു ജയചന്ദ്രൻ. ഫെബ്രുവരി 28 വരെ ജയചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി ഉത്തരവുണ്ട്.
മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകും വരെ അറസ്റ്റ് പാടില്ലെന്നാണ് നിർദേശം. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് നടൻ പോലിസിന് മുൻപാകെ ഹാജരായത്. പോക്സോ നിയമങ്ങൾ ദുരുപയോഗം ചെയ്ത കേസാണെന്നും പരാതിക്കു പിന്നിൽ മറ്റു കാരണങ്ങളുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ നടൻ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനു നോട്ടിസ് അയച്ച കോടതി ഫെബ്രുവരി 28ലേക്കു ഹർജി പരിഗണിക്കാൻ മാറ്റി.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് ജയചന്ദ്രനെതിരെ കേസെടുത്തത്. നടന്റെ മുൻകൂർ ജാമ്യഹർജി കേരള ഹൈക്കോടതി തള്ളിയപ്പോഴാണു സുപ്രീംകോടതിയെ സമീപിച്ചത്. ഒളിവിൽ പോയ ജയചന്ദ്രനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു.