മോട്ടോർ വാഹന വകുപ്പ് പരിശോധന; ജില്ലയിലെ 168 ബസുകൾക്കെതിരെ നിയമ നടപടി
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ജില്ലയിലെ 168 ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പെർമിറ്റ് ഇല്ലാത്ത സർവിസ്, പാസഞ്ചർ ഡോർ അടക്കാത്തവ, സ്പീഡ് ഗവർണർ ഇല്ലാത്തവ, റാഷ് ഡ്രൈവിങ്, മ്യൂസിക് സിസ്റ്റം, എയർ ഹോൺ, അധിക ലൈറ്റുകൾ സ്ഥാപിച്ചവ എന്നിവക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഒക്ടോബർ എട്ടുമുതൽ 15 വരെ ഒരാഴ്ചക്കാലമാണ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നിയമ ലംഘന നടത്തിയ ബസുടമകളിൽ നിന്നും 1,86,000 രൂപ കോമ്പൗണ്ടിങ് ഫീ ആയി ഈടാക്കുകയും ചെയ്തു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് എട്ടോളം ഡ്രൈവർമാരുടെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
ഓട്ടോമാറ്റിക് ഡോർ അടക്കാതെ സർവിസ് നടത്തിയ സിറ്റി ബസിൽനിന്ന് തെറിച്ചുവീണ് യാത്രക്കാരൻ മരിച്ച കേസിലെ ബസ് ഡ്രൈവറുടെ ലൈസൻസും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും കർശന നിയമനടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.