സാമ്പത്തിക ചൂഷണം, പീഡനം, വാഹനമിടിപ്പിച്ച് അപായപ്പെടുത്തല്‍; കായണ്ണയിലെ ആള്‍ദൈവം ചാരുപറമ്പില്‍ രവിക്കെതിരെ വീണ്ടും ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം


പേരാമ്പ്ര: കായണ്ണയിലെ ആള്‍ദൈവം ചാരുപറമ്പില്‍ രവിക്കെതിരെ വീണ്ടും ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം. പൂജയും മന്ത്രവാദവും ചെയ്ത് ആളുകളെ ചൂഷണം ചെയ്യുന്നതിന് പുറമെ നാട്ടുകാരെ ഭീഷണി ഉയര്‍ത്തുക കൂടി ചെയ്തതോടെയാണ് ആക്ഷന്‍ കമ്മിറ്റി ചന്ദനവയലില്‍ പ്രകടനവും പൊതുയോഗവും നടത്തിയത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രവി കാക്കൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു. മൊട്ടന്തറക്ക് സമീപം മാട്ടനോട് ചന്ദനം വയലിലെ വീട്ടില്‍ നിര്‍മിച്ച ചാരുപറമ്പില്‍ ക്ഷേത്രത്തിലേക്ക് വരുന്നവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതിനായിരുന്നു കേസ്.

തുടര്‍ന്ന് രാഷ്ട്രീയപാര്‍ടികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രദേശത്ത് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പ്രതിഷേധം ശക്തമായതോടെ ഇവിടേക്ക് ആളുകള്‍ വരാതായി. ഇതില്‍ പ്രകോപിതനായി രവിയും കൂട്ടാളികളും ഭീഷണിപ്പെടുത്തുകയും വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് നാട്ടുകാരുടെ പരാതി.

ആക്ഷന്‍ കമ്മിറ്റിയുടെയും രാഷ്ട്രീയ പാര്‍ടികളുടെയും ബോഡുകള്‍ നശിപ്പിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ചേര്‍ന്ന യോഗം കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.ടി.ഷിബു അധ്യക്ഷനായി. കായണ്ണ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാലകൃഷ്ണന്‍, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം എന്‍.ചോയി, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.രമേശന്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.പി.സത്യന്‍, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.പി.ഗോപി, എ.സി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.