രാമനാട്ടുകരയില്‍ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതി പിടിയില്‍


കോഴിക്കോട്: ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണത്തിന് ശ്രമം നടത്തിയ പ്രതി പിടിയില്‍. മധ്യപ്രദേശ് രേവ ജില്ലയിലെ നെക്മണി സിങ് പട്ടേല്‍ (27) ആണ് പൊലീസ് പിടിയിലായത്. രാമനാട്ടുകര ദുബായി ഗോള്‍ഡ് ജ്വല്ലറിയിലാണ് മോഷണ ശ്രമം നടന്നത്.

ജ്വല്ലറിയുടെ പടിഞ്ഞാറു ഭാഗത്തെ ചുമരിന്റെ തറ നിരപ്പില്‍നിന്ന് ഒരു മീറ്ററോളം ഉയരത്തില്‍ പിക്കാസ് ഉപയോഗിച്ച്‌ തുരന്നാണ് കള്ളൻ അകത്തു കയറിയത്. അലാറം മുഴങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ ജ്വല്ലറിക്ക് അടുത്ത് താമസിക്കുന്ന മറ്റു ജീവനക്കാരെയും ഉടമയെയും വിവരം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച മൂന്നിനായിരുന്നു സംഭവം.

ജീവനക്കാരുള്‍പ്പെടെ അകത്തുനടത്തിയ പരിശോധനയില്‍ കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ഭിത്തി തുരന്നതായി കണ്ടെത്തി. എന്നാല്‍, ഈ സമയത്ത് കള്ളൻ ജ്വല്ലറിക്ക് അകത്തു നില്‍ക്കുകയും തുടർന്ന് ഇവരുടെ കണ്ണുവെട്ടിച്ച്‌ അകത്തു കയറാൻ തുരന്ന ദ്വാരത്തിലൂടെ പുറത്തേക്കുചാടി രക്ഷപ്പെടുകയായിരുന്നു.