സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെച്ച് 89500 രൂപ വായ്പ എടുത്ത് മുങ്ങി: പ്രതി കുന്ദമംഗലം പോലീസിന്റെ പിടിയില്‍
കുന്ദമംഗലം: മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയില്‍. ചേളന്നൂര്‍ ഉള്ളാടം വീട്ടില്‍ ബിജുവിനെയാണ് നെച്ചൂളിയില്‍ വെച്ച് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.
2020ല്‍ ആണ് കേസിനാസ്പദമായ സംഭവം. കാരന്തൂര്‍ ചാത്താംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്സ് ധനകാര്യസ്ഥാപനത്തില്‍ സ്വര്‍ണമാണെന്ന വ്യാജേന 24.1 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകള്‍ പണയം വെച്ച് 89500 രൂപ വായ്പ എടുത്ത് മുങ്ങുകയായിരുന്നു.ഒരു വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചടവ് ഇല്ലാത്തതിനെത്തുടര്‍ന്ന് സ്ഥാപനം പണയംവെച്ച വളകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജസ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് 2022ല്‍ കേസ് കൊടുക്കുകയായിരുന്നു. കക്കോടിയിലെ ബാങ്കിലും ഇയാള്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.