കൊലപാതകം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞു; എട്ട് മാസത്തിനുശേഷം പ്രതി കോഴിക്കോട് പിടിയില്‍, ഒളിവില്‍ കഴിയവെ തമിഴ്‌നാട്ടിലും കൊലപാതകം നടത്തിയതായി പോലീസ്


കോഴിക്കോട്: കൊലപാതകക്കേസില്‍ എട്ട് മാസത്തിനു ശേഷം പ്രതി പിടിയില്‍. ഫറോക്ക് നല്ലൂര്‍ ചെനക്കല്‍ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാര്‍ (39) ആണ് അറസ്റ്റിലായത്. ഫറോക്ക് ചുങ്കം മീന്‍ മാര്‍ക്കറ്റിനടുത്ത് ഫറോക്ക് ചുള്ളിപറമ്പില്‍ മടവന്‍പാട്ടില്‍ അര്‍ജ്ജുനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ഇയാള്‍. സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി സന്ദീപിന്റെ കീഴിലുള്ള ഫറോക്ക് പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ തമിഴ്‌നാട്ടിലും ഒരു കൊലപാതകക്കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി പത്തിന് രാത്രി ഒന്‍പത് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണ കേസ് ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയും ലഹരിമരുന്നിന് അടിമയുമായ സുധീഷ് ചുങ്കം ചുള്ളിപറമ്പ് റോഡിലെ മീന്‍ മാര്‍ക്കറ്റിനു സമീപത്തെ സ്ലാബില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്തിരുന്ന അര്‍ജ്ജുനനുമായി പരസ്പരം വാക്കേറ്റം നടത്തുകയും അര്‍ജുനനെ സുധീഷ് തള്ളുകയും നിലത്തിട്ട് ചവുട്ടുകയും ചെയ്തു. തുടര്‍ന്ന് സുധീഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.

തൊട്ടടുത്ത ദിവസം ബോധമില്ലാതെ രക്തം വാര്‍ന്നു കിടന്ന അര്‍ജ്ജുനനെ നാട്ടുക്കാര്‍ ചേര്‍ന്ന് ഫറോക്ക് താലൂക്കാശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 19-ന് അര്‍ജ്ജുനന്‍ മരണപ്പെടുകയും ചെയ്തു. ശരീരത്തിലെ എല്ലുകള്‍ പൊട്ടിയതും തലച്ചോറിലെ ക്ഷതംമൂലം രക്തം കട്ടപിടിച്ചതുമാണ് മരണ കാരണമായി പറയുന്നത്.

ഫറോക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും അപ്പോഴെക്കും സുധീഷ് ഒളിവില്‍ പോയിരുന്നു. പോലീസ് അന്വേഷിക്കുന്നു ണ്ടെന്ന് മനസ്സിലാക്കിയ പ്രതി നേരെ തമിഴ്‌നാട്ടിലേക്ക് കടക്കുകയും വിവിധ സ്ഥലങ്ങളില്‍ ഒളിച്ചു താമസിക്കുകയുമായിരുന്നു. പത്തോളം മൊബൈല്‍ ഫോണുകളും, നിരവധി സിം കാര്‍ഡുകളും മാറ്റി ഉപയോഗിച്ച് പോലീസിന്റെ അന്വേഷണത്തെ വഴി തെറ്റിച്ചു വിടാന്‍ ശ്രമിക്കുകയായിരുന്നു.

ഈറോഡില്‍ താമസിച്ചു വരുന്നതിനിടെ കൂടെ ജോലി ചെയ്തിരുന്നയാളെ മദ്യലഹരിയില്‍ അതിക്രൂരമായി മര്‍ദ്ധിച്ച് കൊല ചെയ്ത ശേഷം ബെഡ്ഷീറ്റില്‍ക്കെട്ടി റെയില്‍വേ ട്രാക്കിലിടാന്‍ ശ്രമിച്ചു. ആളുകളെ കണ്ടപ്പോള്‍ അഴുക്കുചാലില്‍ ഇടുകയും ശക്തമായ മഴ കാരണം മൃതശരീരം ഓടക്ക് ഉള്ളിലേക്ക് പോവുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷമാണ് അഴുകിയ രീതിയില്‍ മൃതദേഹം കണ്ടെത്തിയത്.

പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട് താമരക്കര എന്ന സ്ഥലത്ത് മറ്റൊരു വേഷത്തില്‍ കഴിയവെ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ പിന്തുടരുന്നു എന്ന് മനസ്സിലാക്കിയ സുധീഷ് കര്‍ണ്ണാടക വഴി കേരളത്തിലേക്ക് കടക്കുകയായിരുന്നു.

എന്നാല്‍ പഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ രാമനാട്ടുകരയില്‍ വെച്ച് ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. സ്ഥിരമായി ആയുധങ്ങള്‍ കൈവശം കരുതിയിരുന്ന സുധീഷിനെ പിടിക്കുമ്പോള്‍ കിചെയിനില്‍ കത്തികൂടി കരുതിയിരുന്നു.

അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, എകെഅര്‍ജുന്‍, രാകേഷ് ചൈതന്യം, ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ വിആര്‍ അരുണ്‍, എഎസ്‌ഐ ലതീഷ് പുഴക്കര, സിവില്‍ പോലീസ് ഓഫീസര്‍ ടി.പി അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

summary: accused in two murder cases arrested in kozhikode