ഒന്നര വയസുകാരി ആരുദ്ര ഏറെ കാത്തിരുന്നെങ്കിലും അച്ഛന്‍ വന്നില്ല, മഹേഷിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ കുടുംബം; കൊയിലാണ്ടി പൂക്കാട് പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ യുവാവിന്റെ മരണം തളര്‍ത്തിയത് ഒരു നാടിനെ തന്നെ
കൊയിലാണ്ടി: തുവ്വക്കോട് വടക്കെ മലയില്‍ മഹേഷിന്റെ അപ്രതീക്ഷിത വിയോഗം തളര്‍ത്തിയത് ഒരു നാടിനെ തന്നെയാണ്. കോഴിക്കോട് ഫാത്തിമ ആശുപത്രിയ്ക്കു സമീപം അച്ഛന്‍ ബാലനൊപ്പം ചെറിയൊരു ഹോട്ടല്‍ നടത്തിയാണ് മഹേഷും കുടുംബവും കഴിഞ്ഞിരുന്നത്. ഞായറാഴ്ച അവധിയെടുത്ത് പുറത്തിറങ്ങിയതാണ്. പൂക്കാടുള്ള പെട്രോള്‍ പമ്പില്‍ നിന്നും തിരിച്ചിറങ്ങവെയാണ് മഹേഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ സിമന്റ് ടാങ്കര്‍ ലോറി ഇടിച്ചത്.
മഹേഷ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. വലിയ സാമ്പത്തിക പിന്‍ബലമൊന്നുമില്ലാത്ത കുടുംബമാണ്. ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുപോയിരുന്നത്. ഭാര്യ നന്ദനയ്ക്കും മകള്‍ ആരുദ്രയ്ക്കും നഷ്ടമായത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയാണ്. നന്ദനയ്ക്ക് ബന്ധുക്കളെന്ന് പറയാന്‍ മഹേഷും കുടുംബവും മാത്രമാണുള്ളത്. മഹേഷിന്റെ വിയോഗത്തെ അവര്‍ എങ്ങനെ താങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു പൂക്കാട് പെട്രോള്‍ പമ്പിന് തൊട്ടരികില്‍ അപകടം നടന്നത്. ട്രക്ക് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
മഹേഷിന് അപകടം സംഭവിച്ചിട്ടുണ്ടെന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണെന്നും മാത്രമായിരുന്നു വീട്ടില്‍ അറിയിച്ചിരുന്നത്. ഏറെ വൈകിയാണ് മരണവിവരം കുടുംബം അറിഞ്ഞത്.