കാറിലിടിച്ച ശേഷം ചുറ്റുമതിൽ തകർത്ത് പള്ളിക്ക് അകത്തേക്ക്, കമാനം തകർന്ന് ബസ്സിന് മുകളിൽ പതിച്ചു; പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്, അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


പത്തനംതിട്ട: കെ.എസ് ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കോന്നി കിഴവള്ളൂരിൽ ഉച്ചയ്ക്ക് 1.40-നായിരുന്നു അപകടം. കാറിലിടിച്ച ബസ് പിന്നീട് റോഡരികിലുള്ള പള്ളിയുടെ ചുറ്റുമതിലും കമാനവും ഇടിച്ചു തകർത്തശേഷമാണ് നിന്നത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ആദ്യം എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പത്തനംത്തിട്ടയിൽ നിന്ന് തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. കാറിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ വശത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്സ് വലിയ പള്ളിയുടെ ചുറ്റുമതിലും ​ഗേറ്റും തകർത്തു. പള്ളിയുടെ കമാനം ബസിനു മുകളിലേക്ക് തകർന്നുവീണു.

അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് അമിതവേ​ഗത്തിൽ തെറ്റായ ദിശയിൽ കയറി വന്നതാണ് അപകടകാരണമെന്നാണ് സി.സി.ടി.വി ദൃശ്യങ്ങശിൽ നിന്ന് വ്യക്തമാക്കുന്നത്. അപകടത്തിൽ പരിക്കേറ്റ നാലു പേരെ കോന്നി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രെെവർ പത്തനാപുരം സ്വദേശി അജയകുമാർ ടി.യ്ക്ക് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം വാഹനത്തിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണു. കാർ ഓടിച്ചിരുന്ന ഡ്രെെവർ ഇതര സംസ്ഥാനത്ത് നിന്നുള്ള വ്യക്തയാണെന്നും ജയറാം ചൗധരി എന്നാണ് അദ്ദേഹത്തിന്റെ പേരെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോന്നി സ്വദേശിയായ വനിതയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. പരിക്കേറ്റ മറ്റ് യാത്രക്കാരുടെ നില ​ഗുരുതരമല്ല.

അപകടത്തിൽ ബസിന്റെയും കാറിന്റെയും മുൻഭാ​ഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. ബസിന്റെ മുൻഭാ​ഗം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്.

വീഡിയോ കാണാം: