ഓർക്കാട്ടേരി പെട്രോൾ പമ്പിന് മുൻവശം വാഹനാപകടം തുടർക്കഥയാകുന്നു


ഓർക്കാട്ടേരി : പെട്രോൾ പമ്പിന് മുൻവശം വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു . ഇവിടെ ഏതാനും മാസങ്ങൾക്കിടെ വലുതും ചെറുതുമായ പത്തിലേറെ അപകടങ്ങളാണ് നടന്നത്. നിരവധി പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയും സ്വകാര്യബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പമ്പിൽനിന്നും റോഡിലേക്ക് പ്രവേശിച്ച ബൈക്കിൽ ബസ്സിടിക്കുകയായിരുന്നു.

പമ്പിന്റെ ഇരുവശങ്ങളിലും വഴിയോര കച്ചവടക്കാർ സ്ഥിരമായി അവരുടെ വാഹനം പാർക്ക്ചെയ്യുന്നുണ്ട്. ഇതുകാരണം പമ്പിൽ നിന്ന്‌ മെയിൻ റോഡിലേക്കിറങ്ങുന്ന വാഹനങ്ങൾക്ക് റോഡിലെ വാഹനങ്ങളെ കാണാൻ കഴിയില്ല. ഇതാണ് അപകടങ്ങൾ വിളിച്ച് വരുത്തുന്നതെന്ന് ഇത് വഴി യാത്ര ചെയ്യുന്ന വാഹനയാത്രികർ പറയുന്നു.

സ്വകാര്യ ബസ്സുകളും മറ്റു വാഹനങ്ങളും അമിത വേ​ഗതയിലാണ് ഇത് വഴി പോകുന്നതെന്നും ആക്ഷേപമുണ്ട്. ഇതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. അപകടങ്ങൾ തുടർക്കഥയാവുന്ന പെട്രോൾ പമ്പിന് മുൻവശത്തെ അനധികൃതമായുള്ള പാർക്കിംങ് നിരോധിക്കണമെന്നും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാർ ആവശ്യം.