പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂരില്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്, ഗതാഗതം തടസപ്പെട്ടു


വെള്ളിയൂര്‍: പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂര്‍ ടൗണിന് സമീപം അരിയുമായി വരുകയായിരുന്ന ലോറി മറിഞ്ഞു. ഇന്ന് രാവിലെ ഒന്‍പത് മണിയോടു കൂടിയാണ് അപകടം നടന്നത്.

പശ്ചിമബംഗാളില്‍ നിന്ന് അരിയുമായി പന്തിരിക്കരക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന ബസിന് സൈഡു കൊടുക്കുന്നതിനിടയില്‍ മറിയുകയായിരുവെന്നാണ് ലോറി ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരായിരുന്നു വണ്ടിയില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്കാണ് നിസ്സാര പരിക്കേറ്റത്. പാതയില്‍ ഏറെനേരം ഗതാഗത തടസം അനുഭവപ്പെട്ടു. പേരാമ്പ്രയില്‍ നിന്നും പോലീസും റോഡില്‍ ഓയില്‍ ചോര്‍ച്ചയുണ്ടായതിനാല്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. റോഡില്‍ നിന്നും മറിഞ്ഞു വീണ അരിച്ചാക്കുകള്‍ ഏറെ സമയമെടുത്താണ് നീക്കം ചെയ്തത്.