‘ഫോളോ ദ ഹൗൾ – ജാക്കൽ ദ റിയിൽ സ്റ്റോറി’; കുറുനരികളെക്കുറിച്ച് അപൂർവ്വവിവരങ്ങൾ പകരുന്ന ഡോക്യുമെന്ററിയുമായി പേരാമ്പ്ര സ്വദേശി അഭിജിത്ത്


പേരാമ്പ്ര: കുറുനരികളെ വർഷങ്ങളോളം പിന്തുടർന്ന് നിർമ്മിച്ച ഡോക്യുമെന്ററി ‘ഫോളോ ദ ഹൗൾ – ജാക്കൽ ദ റിയിൽ സ്റ്റോറി’ (Follow the howl , Jackal – the real story) ജനശ്രദ്ധ പിടിച്ചുപറ്റുന്നു. പേരാമ്പ്ര സ്വദേശി അഭിജിത്ത് പേരാമ്പ്ര നിർമ്മിച്ച ഡോക്യുമെന്ററി യൂട്യൂബിൽ ദിവസങ്ങൾക്കുള്ളിൽ ആയിരങ്ങളാണ് കണ്ടത്. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ കേരള വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം ഈ ഡോക്യുമെന്ററിക്കാണ്.

കുറുനരികളുടെ ജീവിതരീതി ചിത്രീകരിച്ച ഡോക്യുമെന്ററിയിൽ ഇവയെക്കുറിച്ച് അപൂർവ വിവരങ്ങൾ പകർന്നുതരുന്നുണ്ട്. കുറുനരികളെക്കുറിച്ച് അധികമാരും പഠിച്ചിട്ടില്ല, അതുകൊണ്ടാണ് ഈ വിഷയം പഠിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന് അഭിജിത്ത് പേരാമ്പ്ര കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒരുവർഷത്തിലേറെയെടുത്താണ് കുറുനരികളെക്കുറിച്ച് പഠിച്ചത്. മുതിർന്ന കുറുനരി 9 കിലോ മുതൽ 12 കിലോ വരെ തൂക്കവും രണ്ടു മുതൽ നാലു കുട്ടികൾ വരെ ഒറ്റ പ്രസവത്തിൽ ഉണ്ടാവുകയും ചെയ്യും. പകൽ സമയങ്ങളിൽ പുൽമേടുകളിലും പാറകൂട്ടങ്ങളിലും വിശ്രമിക്കുന്ന ഇവ രാത്രികാലങ്ങളിലാണ് ഇര തേടുന്നത്. ഇവയുടെ ഓരിയിടലുകൾ ഒരു കൂട്ടത്തിന് മറ്റൊരു കൂട്ടവുമായി ആശയവിനിമയം നടത്താനുള്ള മാർഗമാണ്. പെൺവർഗമാണ് കുറുനരി സംഘങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇത്തരം കണ്ടെത്തലുകളാണ് ഡോക്യുമെന്ററിയിൽ അവതരിപ്പിച്ചിട്ടുള്ളതെന്നും അഭിജിത്ത് പറയുന്നു.

ആവാസ വ്യവസ്ഥയിലുള്ള മാറ്റം കുറുനരുകളുടെ എണ്ണം കുറയാൻ കാരണമായി ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. മനുഷ്യരുടെ ഇടപെടൽ ഇവയുടെ ആവാസവ്യവസ്ഥ നശിക്കാൻ കാരണമായിട്ടുണ്ട്. ഏകദേശം 12 വർഷത്തോളം വന്യജീവി ഫോട്ടോഗ്രാഫി രംഗത്ത് ശ്രദ്ധേയനാണ് അഭിജിത്ത്. ഇതിനോടകം തന്നെ ഒട്ടനവധി ഫോട്ടോഗ്രാഫി അവാർഡുകൾ അഭിജിത്തിനെ തേടിവന്നിട്ടുണ്ട്.