മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി


പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ ചേളാരി പെരുവള്ളൂർ പഞ്ചായത്തിലെ കാളമ്പ്രാട്ടിൽ മുഹമ്മദ് ഷാഫിയെയാണ് കാണാതായത്.

അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ , കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ എത്തിയ അഞ്ച് പേർ അടങ്ങുന്ന സംഘത്തിലെ ഒരാളാണ് ഷാഫി. ഇവര്‍ ഇവിടെ സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവരാണെന്ന് നാട്ടുകാര്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

വേലിയിറക്കം ഉള്ളപ്പോഴാണ് മീന്‍ പിടിക്കനിറങ്ങിയത്. അടിയൊഴുക്കില്‍പ്പെട്ടാകാം ഇയാളെ കാണാതായതെന്ന് നാട്ടുകാര്‍ പറഞ്ഞു. .പയ്യോളി പൊലീസും വടകരയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്