ദേശീയപാതയില്‍ കൊയിലാണ്ടി വെങ്ങളത്ത് കാറിനുള്ളില്‍ യുവാവിനെ ബന്ധിയാക്കിയ നിലയില്‍ കണ്ടെത്തി; എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനുള്ള 25ലക്ഷം രൂപ കവര്‍ച്ച ചെയ്‌തെന്ന് യുവാവ്


കൊയിലാണ്ടി: എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു. ഇന്ന് നാലുമണിയോടെ വെങ്ങളം കാട്ടിലപ്പീടികയിലാണ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ആളെ കെട്ടിയിട്ട നിലയില്‍ കണ്ട നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിയുന്നത്.

ഫെഡറല്‍ ബാങ്ക് എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യുന്ന ചുമതലയുള്ളയാളാണ് താന്‍ എന്നാണ് ഇയാള്‍ പറഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ
കൊയിലാണ്ടിയിലെ എ.ടി.എമ്മില്‍ നിന്നും പണമെടുത്ത് കുരുടിമുക്കിലേക്ക് പോകവേയാണ് വഴിയില്‍വെച്ച് ഒരു സ്ത്രീ വാഹനത്തിന് മുന്നില്‍പ്പെട്ടു. ഇവരെ തട്ടി എന്ന് കരുതി വാഹനം നിര്‍ത്തിയിട്ട് പുറത്തിറങ്ങിയ തനിക്കുനേരെ പര്‍ദ്ദധരിച്ചെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് ഇയാള്‍ പറഞ്ഞത്. 

25ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് ഇയാള്‍ പറഞ്ഞത്. തലയ്ക്കടിയേറ്റ് ബോധമറ്റ നിലയിലായിരുന്നു താനെന്നും ബോധം വന്നപ്പോഴാണ് കാട്ടിലപ്പീടികയില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളതെന്നും മനസിലായതെന്നും ഇയാള്‍ പറഞ്ഞു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Summary: A young man was found tied up in a car at Koilandi Vemalat on the national highway; The young man said that he robbed 25 lakh rupees to be refilled at the ATM