പയ്യോളിയിലെ സ്വകാര്യ ബാറിന് സമീപത്ത് ദേശീയ പാതയ്ക്കരികിലൂടെ കടന്നുപോകുകയായിരുന്ന യുവാവിനെ ബാർ ജീവനക്കാർ ക്രൂരമായി ആക്രമിച്ചു; ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് തലയ്ക്കും ദേഹത്തും പരിക്കേൽപ്പിച്ചെന്ന് ഇരിങ്ങൽ സ്വദേശിയുടെ പരാതി


പയ്യോളി: പയ്യോളി തീർത്ഥ ഇന്റർനാഷണലിൻ്റെ ഭാഗമായ ബാറിലെ ജീവനക്കാർ മർദ്ദിച്ചതായി യുവാവിന്റെ പരാതി. ഇരിങ്ങൽ സ്വദേശിയായ ദിബിൻ (21) നെയാണ് ബാർ ജീവനക്കാർ അകാരണമായി ക്രൂരമായി മർദ്ദിച്ചത്. ഇന്നലെ രാത്രി 10.30ഓടെ തീർത്ഥ ബാറിന് സമീപത്തായി ദേശീയപാതയ്ക്ക് അരികിൽവെച്ചായിരുന്നു സംഭവം.

[Mid1]

ബൈക്കിൽ പെട്രോൾ അടിച്ചശേഷം എ.ടി.എമ്മിൽ നിന്നും പണമെടുക്കാനായി പയ്യോളി ഭാഗത്തേക്ക് പോകവെ ബാറിന് സമീപത്തുവെച്ച് കല്ലേറിയുന്നതും സംഘർഷവും ശ്രദ്ധയിൽപ്പെട്ട് ബൈക്ക് റോഡരികിലേക്ക് മാറ്റി സമീപത്തെ വീടിൻ്റെ ഗേറ്റിന് അരികിൽ സുരക്ഷിതമായി നിന്ന തന്നെ ഒരു സംഘം ആക്രമിക്കുക യായിരുന്നെന്ന് ദിബിൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ബാറിലെ ജീവനക്കാരാണ് ഇവർ. താൻ ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഇവർ ബാറിനുള്ളിൽ വെച്ച് ഹോക്കി സ്റ്റിക്കുകൊണ്ട് ചിലരെ മർദ്ദിക്കുന്നത് കണ്ടിരുന്നു. ഇവർ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരുടെ കൂട്ടത്തിലുള്ള ആളാണെന്ന് കണ്ടാണ് തന്നെ ആക്രമിച്ചതെന്നാണ് ജീവനക്കാർ പിന്നീട് പറഞ്ഞതെന്നും ദിബിൻ വ്യക്തമാക്കി.

ബാർ ജീവനക്കാരനായ ആൾ ആദ്യം ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തലപൊട്ടി രക്തം വന്നു. പിന്നീട് കുനിഞ്ഞുനിന്നതിനാൽ പുറത്താണ് അടി കിട്ടിയത്. എന്തിനാണ് അടിക്കുന്നതെന്നും താനൊന്നും ചെയ്തില്ലെന്നും കേണുപറഞ്ഞെങ്കിലും ഉപദ്രവം നിർത്തിയില്ല. പിന്നീട് തന്റെ സുഹൃത്തുക്കളെത്തിയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്നും ചികിത്സയ്ക്കുശേഷം പയ്യോളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Summery: A young man was brutally assaulted by bar staff while passing by the national highway near a bar in Paioli; A resident of Iringal complained that he had injured his head and body with a hockey stick