മരക്കൊമ്പ് വീഴുന്നതുകണ്ട് വെട്ടിച്ച കാര്‍ കുളത്തിലേക്ക് മറിഞ്ഞു; കണ്ണൂരിൽ ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍(24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം. തൃശ്ശൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിയായ ഇമ്മാനുവൽ പരീക്ഷ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
അങ്ങാടിക്കടവിനും ആനപ്പന്തിക്കും ഇടയിലാണ് സംഭവം. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്പ് വീഴുന്നത് കണ്ട് കാര്‍ വെട്ടിയ്ക്കുകയായിരുന്നു. ഇതോടെ സമീപത്തെ തെങ്ങിൽ കാര്‍ ഇടിച്ചുകയറി.
തുടർന്ന് കുളത്തിലേക്ക് കാർ മറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ യുവാവിനെ കാറില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Description: A young man died after his car fell into a pond in Kannur