പുലര്‍ച്ചെ വന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറക്കാന്‍ വൈകി; കലികയറിയ മരുമകന്‍ പയ്യോളിയിലെ ഭാര്യാവീട് അടിച്ച് തകര്‍ത്തു
പയ്യോളി: അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം മരുമകന്‍ ഭാര്യാവീട് അടിച്ച് തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. റംസാന്‍ കാലമായതിനാല്‍ നോമ്പുതുറ കഴിഞ്ഞ് കുടുംബാംഗങ്ങളെല്ലാം ഉറക്കത്തിലായ സമയത്താണ് മരുമകന്‍ വീട്ടിലെത്തി കോളിങ്ങ് ബെല്‍ അടിക്കുന്നത്. വാതില്‍ തുറക്കാന്‍ സമയം വൈകിയതിനെത്തുടര്‍ന്ന് ദേഷ്യം വന്ന മരുമകന്‍ ജാസിര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തശേഷം വധഭീഷണി മുഴക്കുകയായിരുന്നു.
വീട്ടുകാര്‍ വിവരമറിയിച്ചതിന് തൊട്ടുപിന്നാലെ വീട്ടിലെത്തിയ പയ്യോളി പൊലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഒരു മണിക്കൂറിന് ശേഷം അയാളെ വീണ്ടും വീട്ടിലെത്തിച്ച് വരാന്തയില്‍ കിടന്നുറങ്ങാനുള്ള സൌകര്യം ചെയ്തുകൊടുക്കുകയായിരുന്നു.
തനിക്കെതിരെ പരാതി നല്‍കിയതില്‍ ദേഷ്യമിരട്ടിച്ച ജാസിര്‍ പൊലീസ് തിരിച്ച് പോയ ശേഷം വീട്ടിലെ ബാക്കിയുണ്ടായിരുന്ന മുഴുവന്‍ ജനലുകളും അടിച്ച് തകര്‍ത്തു. വീണ്ടും ജാസിറിനെ അറസ്റ്റ് ചെയ്ത പൊലീസ് ഞായറാഴ്ച രാവിലെ രണ്ടാള്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.