എക്സൈസ് പിന്തുടര്‍ന്നു, രക്ഷപ്പെടാനായ് കാറോടിച്ച് കയറ്റിയത് പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക്; കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: എക്‌സൈസ് സംഘം പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെടാനായ് കാര്‍ കയറ്റിയത് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസ് വളപ്പിലേക്ക്, യുവാവ് എം.ഡി.എം.എയുമായി അറസ്റ്റില്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഒമര്‍ സുന്‍ഹര്‍ (35) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 15 ഗ്രാം എം.ഡി.എം.എ.യും പിടികൂടി.
കാറില്‍നിന്ന് മൂന്നു ഗ്രാമും ശരീരത്തില്‍ ഒളിപ്പിച്ച 12 ഗ്രാമുമാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെയാണ് നാടകീയ സംഭവം. സരോവരം ഭാഗത്ത് ലഹരിവില്‍പ്പന നടക്കുന്നുവെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധനനടത്തിയത്.
ലഭിച്ച വിവരത്തില്‍ ലഹരി എത്തിക്കുന്ന വാഹനത്തിന്റെ നമ്പറിന്റെ വിശദാംശങ്ങളും ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വാഹനം കണ്ടെത്തി നിരീക്ഷിക്കുന്നതിനിടയില്‍ കാര്‍ സരോവരം ഭാഗത്തുനിന്ന് നഗരത്തിലേക്കെത്തി. പിന്നാലെ എക്‌സൈസ് സംഘവും പുറപ്പെട്ടു.
എക്‌സൈസ് സംഘം തന്നെ പിന്തുടരുന്നുണ്ടെന്നുകണ്ട ഒമര്‍ കാര്‍ കമ്മിഷണര്‍ ഓഫീസിലേക്ക് ഓടിച്ചുകയറ്റി. ഉടനെ എക്‌സൈസ് സംഘം സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറെ വിവരമറിയിച്ചു. തുടര്‍ന്ന് എക്‌സൈസ് സംഘവും പോലീസും ചേര്‍ന്നാണ് ഒമര്‍ സുന്‍ഹറെ പിടികൂടിയത്.
പ്രതിയെ ചോദ്യംചെയ്തപ്പോള്‍ കോഴിക്കോട്ട് നടക്കുന്ന ബിനാലേക്ക് കമ്മിഷണറെ ക്ഷണിക്കാന്‍ എത്തിയതെന്നാണ് അന്വേഷണസംഘത്തോട് പറഞ്ഞത്. പ്രതിക്കൊപ്പം ഒരു യുവതിയെയും എക്‌സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ യുവതിക്ക് ലഹരിവില്‍പ്പനയുമായി ബന്ധമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് എക്‌സൈസ് പറഞ്ഞു.