കോഴിക്കോട് ടൗണില്‍ വച്ച് നിര്‍ത്തിയിട്ട കാറില്‍നിന്ന് പേരാമ്പ്ര സ്വദേശിയായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; പ്രതി പിടിയില്‍


കോഴിക്കോട്: മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിന് സമീപം നിര്‍ത്തിയിട്ട കാറില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. കൊണ്ടോട്ടി പാറക്കുളങ്ങര ജില്‍ഷാദ് (29) ആണ് പിടിയിലായത്. മെയ്യ് മാസം 23ന് രാത്രി 11.30 നാണ് പേരാമ്പ്ര സ്വദേശി സനൂപിന്റെ കാറില്‍നിന്ന് പ്രതി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്.

മയക്കുമരുന്ന് ഉപയോഗത്തിനും ആര്‍ഭാടമായി ജീവിക്കുന്നതിനും വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനാണ് പ്രതി മോഷണം നടത്തുന്നതെന്ന് പൊലീസിനോട് പറഞ്ഞതായി പൊലീസ് അറിയിച്ചു. മലപ്പുറം, കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ സമാനമായ ഒട്ടേറെ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.

എസ്.ഐമാരായ ബിനു മോഹന്‍, ബാബു പുതുശ്ശേരി, എ.എസ്.ഐ രജിത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, ഹരീഷ് കുമാര്‍ സി, ബബിത്ത് കുറിമണ്ണില്‍, കോഴിക്കോട് സ്‌കോഡിലെ പോലീസുകാരായ സുമേഷ് ആറോളി, രാഗേഷ് ചൈതന്യം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.