സാമ്പത്തികബാധ്യത തീര്‍ക്കാനായ് മോഷണം; പന്നിയങ്കരയില്‍ വയോധികയുടെ മാല പിടിച്ചുപറിച്ച കേസില്‍ വിദേശത്തേക്ക് പോകുന്നതിന്റെ തലേദിവസം യുവാവ് അറസ്റ്റില്‍


കോഴിക്കോട്: വിദേശത്തേക്ക് പോവുന്നതിന്റെ തലേ ദിവസം, മാല പിടിച്ചു പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കല്ലായി കട്ടയാട്ടുപറമ്പ് സ്വദേശി സിക്കന്തര്‍ മിര്‍ഷ (30) ആണ് ശനിയാഴ്ചരാത്രി പിടിയിലായത്.

ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചക്കുംകടവ് സജീവന്‍ കാവിനുസമീപം ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്ന കൊളത്തറ സ്വദേശിനി സരോജിനിയുടെ രണ്ടുപവന്‍ തൂക്കംവരുന്ന താലിമാല സ്‌കൂട്ടറിലെത്തി പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു പ്രതി. തുടര്‍ന്ന് ഇവര്‍ പന്നിയങ്കര പോലീസില്‍ പരാതിനല്‍കുകയും പോലീസ് പ്രതിക്കായി അന്വേഷണം നടത്തി വരികയുമായിരുന്നു.

ഇതിനിടെ ശനിയാഴ്ച ഏഴുമണിയോടെ കല്ലായി ഭാഗത്ത് സംശയാസ്പദമായി കണ്ടതിനെത്തുടര്‍ന്ന് സിക്കന്തര്‍ മിര്‍ഷയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം പുറത്തായത്. ഇയാളുടെ ദൃശ്യം തൊട്ടടുത്ത സി.സി.ടി.വി.യില്‍ ലഭിച്ചിരുന്നു. ഇതും പ്രതിയെ മനസ്സിലാക്കാന്‍ എളുപ്പമായി.

ഞായറാഴ്ചപുലര്‍ച്ചെ 12 മണിക്ക് വിദേശത്തേക്ക് പോകാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു പ്രതി. എന്നാല്‍ ബാങ്കില്‍ സ്വര്‍ണാഭരണം പണയം വെച്ചതുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇത് അടച്ചുതീര്‍ത്തശേഷം വിദേശത്തേക്കുപോകാം എന്നാണ് പ്രതി കരുതിയിരുന്നത്. വിദേശത്തേക്ക് പോയാല്‍ സംശയമുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് ഇത്തരത്തില്‍ മോഷണം നടത്താന്‍ സിക്കന്തര്‍ മിര്‍ഷയെ പ്രേരിപ്പിച്ചതെന്ന് പന്നിയങ്കര പോലീസ് പറഞ്ഞു.

പന്നിയങ്കര എസ്.ഐ. മാരായ മുരളീധരന്‍, കിരണ്‍ ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് ജയിലില്‍ റിമാന്‍ഡ് ചെയ്തു.