യുകെയിൽ നിന്നുള്ള ഡോക്ടർ എന്ന വ്യാജേന തട്ടിപ്പ്; വാട്സ് ആപ്പ് ചാറ്റിലൂടെ നാദാപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ


നാദാപുരം: നാദാപുരം സ്വദേശിയായ യുവതിയിൽ നിന്നും വാട്സ്ആപ്പ് ചാറ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. യുകെ ഡോക്ടറെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ലണ്ടനിലെ പ്രശസ്തനായ ഡോക്ടര്‍ മാര്‍ക്ക് വില്യംസ് എന്ന പേരില്‍ യുവതിയുമായി വാട്‌സ്‌ആപ്പില്‍ ചാറ്റ് ചെയ്തായിരുന്നു തട്ടിപ്പ്.

വാട്‌സ് അപ്പ് സന്ദേശത്തില്‍ വിശ്വസിച്ച യുവതി പല തവണയായി 1,35,000 രൂപ അയച്ചു കൊടുത്തു. വിലപിടിപ്പുളള ഗിഫ്റ്റുകള്‍ പാര്‍സലായി അയച്ചു തരാമെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. അന്വേഷണത്തില്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്തു.

നിങ്ങള്‍ക്കുള്ള വിലകൂടിയ ഗിഫ്റ്റ് എത്തിയതായും 35,000 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു ആദ്യ സന്ദേശം. യുവതി അതടച്ചു. പിന്നീട് ലാന്‍ഡിങ് ചാര്‍ജ്, സര്‍വീസ് ചാര്‍ജ്, മണിട്രാന്‍സ്ഫര്‍ ചാര്‍ജ് എന്നീ പേരുകളില്‍ പല തവണകളായി യുവതിയോട് പണമാവശ്യപ്പെട്ടു. യുവതി ഒരുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. വീണ്ടും പലകാരണങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ യുവതി പൊലീസില്‍ പരാതി പ്പെടുകയായിരുന്നു. നാദാപുരം മേഖലയില്‍ ഇത്തരത്തില്‍ ഒട്ടേറെപ്പേര് ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയായതാണ് പൊലീസിന് ലഭിച്ച വിവരം.