മണിയൂർ കുറുന്തോടിയിൽ തൊഴിലുറപ്പ് തൊഴിലാളിക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം
മണിയൂർ: മണിയൂർ കുറുന്തോടിയിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളുടെ നേർക്ക് കാട്ടുപന്നിയുടെ ആക്രമണം. കുറുന്തോടി പുതിയ പറമ്പത്ത് മീത്തലിൽ വെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. കിഴക്കേടത്ത് താഴെ ദിനേശൻ്റെ ഭാര്യ ശബ്നയ്ക്കാണ് പന്നിയുടെ കുത്തേറ്റത്.
പരിക്കേറ്റ ശബ്നയെ നാട്ടുകാർ ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. പന്നികൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാണ്. വിഷയത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടാവണമെന്നും പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാർ പറയുന്നു.