വടകരയിൽ വിപുലമായ സൗകര്യങ്ങളോടെ ട്രക്ക് പാർക്കിംഗ് ടർമിനൽ നിർമ്മിക്കുന്നു; ദേശീയപാത അതോറിറ്റിക്ക് കീഴിലെ ടർമിനൽ നിർമ്മാണ ചുമതല അദാനി ഗ്രൂപ്പിന്


വടകര: ദേശീയപാത അതോറിറ്റിക്ക് കീഴില്‍ വടകരയിൽ ട്രക്ക് പാര്‍ക്കിംഗ് ടെര്‍മിനല്‍ നിർമ്മിക്കുന്നു. നിരവധി ട്രക്കുകൾക്കും ടാങ്കറുകൾക്കും ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യങ്ങളോടെയാകും ടെർമിനലിൻ്റെ നിർമ്മാണം. ഡ്രൈവര്‍മാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കും. നിർമ്മാണം പൂർത്തിയായാൽ കേരളത്തിലെ ആദ്യത്തെ ട്രക്ക് പാർക്കിംഗ് ടെർമിനലായി വടകര ടെർമിനൽ മാറും.

അദാനി ഗ്രൂപ്പിനാണ് ടെര്‍മിനലിന്റെ നിര്‍മാണ ചുമതല. ദേശീയപാത വികസനത്തോടനുബന്ധിച്ചാണ് വിപുലമായ സൗകര്യങ്ങളോടെ ടെര്‍മിനല്‍ വരുന്നത്. കോഴിക്കോട് നഗരത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ ദിവസേന ചരക്കുമായി എത്തുന്ന ട്രക്കുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി ദേശീയ പാത അതോറിറ്റി നടപ്പാക്കുന്നത്. പേ പാര്‍ക്കിംഗ് സംവിധാനത്തിലാകും ടെര്‍മിനല്‍ പ്രവര്‍ത്തിക്കുക.

വടകരയില്‍ പുതുപ്പണത്തിനും പാലോളിപാലത്തിനും ഇടയിലാണ് ടെര്‍മിനൽ നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്തിയത് എന്നാണ് വിവരം. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാല്‍ ടെര്‍മിനലിന്റെ പ്ലാന്‍ അദാനി ഗ്രൂപ്പിന് കൈമാറും. അഴിയൂർ വെങ്ങളം ദേശീയപാതാ നിർമ്മാണ കരാർ അദാനി ഗ്രൂപ്പിനായതിനാൽ ടർമിനൽ നിർമ്മാണവും അതിൻ്റെ ഭാഗമായി മുന്നോട്ട് പോകും.

മലബാറിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടി ഉള്‍പ്പടെയുള്ള വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന ലോറികളുടെ പാര്‍ക്കിംഗ് നിലവില്‍ വലിയ പ്രതിസന്ധിയാണ്. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നായി ദിവസേന നൂറിലേറെ ട്രക്കുകള്‍ കോഴിക്കോട് നഗരത്തില്‍ എത്തുന്നുണ്ട്. ഇവ ബൈപ്പാസ് റോഡിലും ബീച്ചിലുമാണ് പാര്‍ക്ക് ചെയ്യുന്നത്. വലിയ കണ്ടയ്‌നര്‍ ട്രക്കുകള്‍, ഗ്യാസ് ടാങ്കറുകള്‍ തുടങ്ങിയവ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും ഗതാഗത തടസ മുണ്ടാക്കുന്നുണ്ട്.

Summary: A truck parking terminal will be constructed at Vadakara with advanced facilities; Terminal construction contract under National Highways Authority to Adani Group