എറണാകുളം പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന്‍ മരിച്ചു: മുത്തശ്ശന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍; തകര്‍ന്നത് വെറും പത്തു വര്‍ഷം പഴക്കമുള്ള കെട്ടിടം
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ഇരുനിലവീട് തകര്‍ന്നു വീണു പതിമൂന്ന്കാരന്‍ മരിച്ചു. എറണാകുളം കീഴില്ലം സ്വദേശി ഹരിനാരായണനാണ് കെട്ടിടത്തിനടിയില്‍ കുരുങ്ങി മരിച്ചത്. താഴത്തെ നിലയിലെ ഭിത്തികള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മുകള്‍ നില താഴേക്കു പതിക്കുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു ദാരുണമായ സംഭവം. താഴത്തെ നിലയിലെ ഭിത്തികള്‍ തകര്‍ന്നത്തോടെ 85 കാരനായ നാരായണന്‍ നമ്പൂതിരിയും ചെറുമകന്‍ ഹരിനാരായണനും കെട്ടിടത്തിനടിയില്‍ കുടുങ്ങി. മൂന്ന് ജെ.സി.ബികള്‍ എത്തിച്ചു പ്രത്യേകം വഴി വെട്ടിയാണ് നാട്ടുകാരും ഫയര്‍ ഫോഴ്‌സും വീടിനു സമീപം എത്തിയത്. പത്തു വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടം കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് കെട്ടിടത്തിനു അടിയില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഏഴുപേര്‍ ഉണ്ടായിരുന്നു. എന്നാല്‍ അഞ്ചു പേര്‍ മുകള്‍ നിലയില്‍ ആയിരുന്നു. മുത്തശ്ശനും ഹരിനാരായണനും താഴെയും. സാരമായി പരിക്കേറ്റ ഹരിനാരായണന്‍ ആശുപത്രിയില്‍ വച്ചു മരിച്ചു. നാരായണന്‍ നമ്പൂതിരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.
സംഭവത്തില്‍ ജില്ലാ കളക്ടര്‍ പെരുമ്പാവൂര്‍ തഹസില്‍ദാരോട് റിപ്പോര്‍ട്ട് തേടി.
summery: a thirteen year old boy died after building collapses in perumbavoor, ernakulam