നാട്ടുകാരുടെ ഉറക്കം കെടുത്തിയ അടയ്ക്ക കള്ളന്‍ പിടിയില്‍; കൂടത്തായി സ്വദേശിയെ പിടികൂടി കൊടുവള്ളി പോലീസ്


ഓമശ്ശേരി: നാട്ടുകാരുടെ ഉറക്കം കെടുത്തിയ അടയ്ക്ക മോഷ്ടാവ് ഒടുവില്‍ പിടിയില്‍. കൂടത്തായി സ്വദേശി പൂവോട്ടില്‍ അബ്ദുല്‍ ഷമീര്‍ (37) ആണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്.

ഓമശ്ശേരി, ചളിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ ഉണക്കി സൂക്ഷിച്ചിരുന്ന കൊട്ടടയ്ക്ക കളവ് പോകുന്നതു പതിവായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കൊടുവള്ളി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലാണ് മുക്കത്ത് വച്ച് പ്രതി പിടിയിലായത്.

വെള്ളിയാഴ്ച രാവിലെ മോഷ്ടിച്ച അടയ്ക്ക വില്‍പന നടത്താനായി പ്രതിയെ മുക്കം പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്ന് മാസം മുന്‍പ് ഓമശ്ശേരി പുത്തൂരില്‍ വച്ച് ബൈക്ക് മോഷ്ടിച്ച പ്രതി മണാശ്ശേരിയില്‍ വച്ച് പിടിയിലാകുമെന്നുറപ്പായപ്പോള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി. ചന്ദ്രമോഹന്‍ പറഞ്ഞു.

എസ്.ഐ അനൂപ് അരീക്കര, എസ്‌ഐ പി. പ്രകാശന്‍, എ.എസ്.ഐ സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയരാജന്‍, സിവില്‍ പൊലീസ് ഒഫീസര്‍ ഷെഫീഖ് നിലിയാനിക്കല്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.