പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കി; തൊട്ടിൽപാലം സ്വദേശിക്ക് 79 വർഷം കഠിന തടവും പിഴയും വിധിച്ച് നാദാപുരം കോടതി
നാദാപുരം: പത്തു വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവും 1,12,000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി. തൊട്ടിൽപാലം തോട്ടക്കാട് ബാലനെയാണ് (57) കോടതി ശിക്ഷ വിധിച്ചത്.
അതിജീവിതയെ നിരന്തരം ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് കുട്ടിയുടെ സ്‌കൂൾ അധ്യാപികക്ക് ലഭിച്ച പരാതി ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറുകയും, തുടർന്ന് തൊട്ടിൽപാലം പൊലീസ് സംഭവത്തിൽ കേസെടുക്കുകയുമായിരുന്നു.
നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി കെ.നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നു 14 സാക്ഷികളെ വിസ്‌തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയുമുണ്ടായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Summary: A ten-year-old girl was repeatedly sexually assaulted; Nadapuram court sentenced a native of Thotilpalam to 79 years rigorous imprisonment and fine