കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നടത്തിയ പരിശോധനയില്‍ സ്വകാര്യ ബസില്‍ നിന്നും 55 കുപ്പി മദ്യം പിടിച്ചെടുത്തു; തമിഴ്നാട് സ്വദേശി അറസ്റ്റില്‍


കൊയിലാണ്ടി: സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 55 കുപ്പി മാഹി മദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.എ.ജയരാജനും പാര്‍ട്ടിയും കൊയിലാണ്ടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

തമിഴ്നാട് കടലൂര്‍ സ്വദേശി പ്രകാശന്‍ (67) ആണ് അറസ്റ്റിലായത്. മാഹിയില്‍ നിന്നും മദ്യം കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ കൊണ്ടുവരികയായിരുന്നു. കോഴിക്കോട് ഫറോക്ക് ഭാഗങ്ങളില്‍ വില്‍പ്പനക്കായി കൊണ്ടു പോകവെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മുന്‍പും നിരവധി എക്‌സൈസ്-പോലീസ് കേസ്സുകളില്‍ പ്രതിയാണ്.

പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ ബഷീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എം.ഉല്ലാസ്, എ.കെ.രതീഷ്, വി.കെ.രൂപേഷ്, ഡ്രൈവര്‍ മുബശീര്‍ എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.