കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് മയക്കുമരുന്നുമായി പിടിയിൽ; എം.ഡി.എം.എയുമായി പിടിയിലായത് ചെക്യാട് സ്വദേശി


നാദാപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. ലഹരികേസ് ഉൾപ്പടെ വിവിധ കേസുകളിൽ പ്രതിയായി കാപ്പ ചുമത്തി നാട് കടത്തിയ പ്രതി പാറക്കടവ് ചെക്യാട് സ്വദേശി കുറ്റിയിൽ നംഷീദ്നെയാണ്
എം.ഡി.എം.എ ശേഖരവുമായി പോലീസ് പിടിയിലായത്. വളയം പോലീസും, റൂറൽ എസ്.പി യുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.

പ്രതിയിൽ നിന്ന് മേഖലയിൽ വിൽപ്പനക്കെത്തിച്ച 21.250 ഗ്രാം എം.ഡി.എം.എ യും, 72 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. ശരിരത്തിൽ ഒളിപ്പിച്ച് വെച്ച നിലയിൽ ആയിരുന്നു മയക്ക് മരുന്ന് ശേഖരം. കെ.എൽ 60 സി 96 നമ്പർ വോക്സ് വാഗൺ കാറിൽ മയക്ക് മരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് നടപടി.

ഡാൻസാഫ് അംഗങ്ങൾ കാറിനെ പിന്തുടരുകയും പാനൂർ – പാറക്കടവ് റോഡിൽ താനിയത്ത് മുക്കിൽ പ്രതി സഞ്ചരിച്ച കാറിന് മുന്നിൽ മറ്റൊരു കാർ നിർത്തി തടഞ് പിടികൂടുകയായിരുന്നു. വളയം, നാദാപുരം ‌സ്റ്റേഷനുകളിൽ വിവിധ ലഹരി കേസുകളിൽ പ്രതിയാണ് നംഷീദ്. 2024 നവംബർ വരെ ജില്ലയിൽ പ്രവേശനം നിഷേധിച്ച് പ്രതിക്കെതിരെ ഉത്തരവ്
ഇറക്കിയിരുന്നു.

പ്രതി മേഖലയിൽ പല സ്ഥലങ്ങളിലും വരുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി പിടിയിലായത്. വളയം എസ് ഐ എം.പി.വിഷ്ണു, ഡാൻസാഫ് എ.എസ്.ഐ മാരായ മനോജ് രാമത്ത്, വി.വി.ഷാജി, വി.സി.ബിനീഷ്, വള്ളിൽ സദാനന്ദൻ, ഇ.കെ.മുനീർ, കെ.ലതീഷ്, സി.പി.ഒ മാരായ ഇ.കെ.അഖിലേഷ്, ടി.കെ.ശോഭിത്ത് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.