ക്യാപ്‌സ്യൂൾ രൂപത്തിലാക്കി സ്വർണ്ണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചു, വിമാനത്താവളം വഴി കടത്താൻ ശ്രമിക്കുന്നതിനിടയിൽ മുക്കം സ്വദേശി അറസ്റ്റിൽ; പിടികൂടിയത് 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം


കോഴിക്കോട്: ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി മുക്കം സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. മുക്കം സ്വദേശി അബ്ദുൾ ഗഫൂർ (32) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 995 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി.

ശരീരത്തിനകത്ത് ക്യാപ്‌സ്യൂൾ രൂപത്തിൽ 995 ഗ്രാം സ്വർണം മിശ്രിതരൂപത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. നാല് ക്യാപ്‌സ്യൂളുകളിലായാണ് സ്വർണ്ണമൊളിപ്പിച്ചത്. പിടിച്ചെടുത്ത സ്വർണ്ണ മിശ്രിതത്തിന് ആഭ്യന്തര വിപണിയിൽ 50 ലക്ഷം രൂപ വില വരും.

ചൊവ്വാഴ്ച രാവിലെ 11.15-ന് ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ അബ്ദുൾ ഗഫൂർ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങി. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 12.20-ന് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ അബ്ദുൾ ഗഫൂറിനെ കാത്ത് പുറത്ത് പോലീസ് ഉണ്ടായിരുന്നു. മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അബ്ദുൽ ഗഫൂറിനെ തടഞ്ഞ് എയ്ഡ് പോസ്റ്റിലേക്ക് കൂട്ടികൊണ്ട് പോയി ചോദ്യം ചെയ്യുകയായിരുന്നു.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. തുടർന്ന് പോലീസ് ദേഹപരിശോധനയും ലഗേജ് പരിശോധനയും നടത്തി. എന്നാൽ സ്വർണം കണ്ടെടുക്കാനായില്ല. തുടർന്ന് അബ്ദുൾ ഗഫൂറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്സ്റേയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് ക്യാപ്‌സ്യൂളുകൾ കണ്ടെത്തി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 58-ാമത്തെ സ്വർണക്കടത്ത് കേസാണിത്.

Summary: A Mukkam native was arrested while trying to smuggle gold mixture in capsule form and hiding it in his body; 50 lakh worth of gold seized