റോഡ് മുറിച്ച് കടക്കവെ ബൈക്ക് ഇടിച്ചു; കൊയിലാണ്ടി കുറുവങ്ങാടുണ്ടായ അപകടത്തില്‍ മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം


കൊയിലാണ്ടി: കുറുവങ്ങാട് വാഹനാപകടത്തില്‍ മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. കുറുവങ്ങാട് അബ്ബാസ് ബാഫഖി ബൈതുല്‍ ഇസയില്‍ റിയാദ ആണ് അപകടത്തില്‍ മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു.

ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കുട്ടികളെ സ്‌കൂളിലാക്കി മടങ്ങവെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. സംസ്ഥാനപാതയില്‍ ചെനിയേരി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവെ ഉള്ളിയേരി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ വീണ ഉടന്‍ റിയാദയ്ക്ക് ബോധം നഷ്ടമായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ഇവരെ ഓട്ടോറിക്ഷയില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. സെയ്ദ് ആണ് റിയാദയുടെ ഭര്‍ത്താവ്.

Summary: A middle-aged woman died in an accident at Koyilandy