കൂരാച്ചുണ്ടില്‍ മധ്യവയസ്കന്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് വട്ടച്ചിറ കിഴക്കെ പറമ്പിൽ ഷാജു (55) വിനെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഷാജുവിനെ ഏതാനും ദിവസങ്ങളായി വീടിന് പുറത്ത് കാണാത്തതും ഷാജുവിന്‍റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതുമായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് നാലു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം കൂരാച്ചുണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയും ചെയ്തു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അത് കിട്ടിയാല്‍ മാത്രമേ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും കൂരാച്ചുണ്ട് പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഷാജുവിന് മദ്യപാനശീലമുണ്ടായിരുന്നെന്നും ഭാര്യയും മക്കളും പിണങ്ങി വീട്ടില്‍ നിന്ന് മാറിനിന്നതിനാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹം തനിച്ചായിരുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭാര്യ: ആശ മക്കൾ: അബിൻ, ഷെബിൻ, ഷാൽബിൻ.