മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു, സ്വർണവും പണവും കൈക്കലാക്കി; ബാലുശ്ശേരി സ്വദേശി അറസ്റ്റിൽ


ബാലുശ്ശേരി: മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണവും പണവും കൈക്കലാക്കുകയും ചെയ്ത കേസിൽ ബാലുശ്ശേരി സ്വദേശി അറസ്റ്റിൽ. ബാലുശ്ശേരി കിനാലൂർ കുന്നത്ത് വീട്ടിൽ കെ.വി. അഹമ്മദ് നിയാസ് (30) ആണ് അറസ്റ്റിലായത്. വിധവയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് 2019 മുതൽ വിവിധ കാലയളവിൽ വൈത്തിരിയിലും കല്പറ്റയിലുമുള്ള ഹോട്ടലുകളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

രണ്ടുപവൻ സ്വർണവും 25,000 രൂപയും യുവതിയിൽ നിന്ന് കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം തുടങ്ങിയത് മുതൽ മൊബൈൽ സ്വിച്ച് ഓഫാക്കിയും ഓരോ സ്ഥലങ്ങളിൽ മാറിമാറി സഞ്ചരിച്ചുകയുമായിരുന്നു പ്രതി. ഒടുവിൽ വൈത്തിരി ഇൻസ്‌പെക്ടർ സി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരൂരിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ. രാംകുമാർ, എ.എസ്.ഐ. മുജീബ് റഹ്‌മാൻ, എസ്.സി.പി.ഒ.മാരായ ഷാലു, പ്രമോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.