കായണ്ണയിലെ ആള്‍ദൈവം ചാരുപറമ്പില്‍ രവിയുടെ കേന്ദ്രത്തിലേക്ക് സര്‍വ്വകക്ഷി നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്; പ്രതിഷേധക്കാരെ തടഞ്ഞ് പൊലീസ്


പേരാമ്പ്ര: വിവാദ ആള്‍ദൈവം പേരാമ്പ്ര കായണ്ണയില്‍ ചാരുപറമ്പില്‍ രവി നടത്തുന്ന മന്ത്രവാദ കേന്ദ്രം അടച്ചു പൂട്ടുക എന്ന ആവശ്യവുമായി രവിയുടെ വീട്ടിലേക്ക് സര്‍വ്വകക്ഷി നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. മാര്‍ച്ച് കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി മാര്‍ച്ച് ഉദ്ഘാനം ചെയ്തു.

ഇന്ന് രാവിലെയായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രദേശത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഒരുമിച്ച് നിന്നാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. രവിയ്‌ക്കെതിരെ പഞ്ചായത്തും വിവിധ രാഷ്ട്രീയ കക്ഷികളും പൊലീസിലും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

പേരാമ്പ്ര, കൂരാച്ചുണ്ട്, മേപ്പയ്യൂര്‍ പൊലീസ് ഇന്‍സ്പക്ടര്‍മാരായ എം.സജീവ് കുമാര്‍, കെ.പി.സുനില്‍കുമാര്‍, കെ.ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു.

ഇയാളെ ബാലാവകാശ നിയമപ്രകാരം നേരത്തെ കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശ്വാസത്തിന്റെ മറവില്‍ ഇയാള്‍ പല ആളുകളെയും ചൂഷണം ചെയ്തിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ഇവിടെയ്ക്ക് വരുന്ന ആളുകളെ പിന്തിരിപ്പിച്ച് അയക്കുകയും ചെയ്യുന്നുണ്ട്.