പെരുവണ്ണാമൂഴിയില്‍ കഞ്ചാവുമായി വീട്ടില്‍ കതകടച്ചിരുന്ന് പ്രതി; മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അതിസാഹസികമായി പിടികൂടി പോലീസ്
പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയില്‍ കഞ്ചാവുമായി വീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടി. സൂപ്പിക്കട പാറേമ്മല്‍ ലത്തീഫിനെ (47) ആണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. നാലുമണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സൂക്ഷിച്ച 2.760 കിലോഗ്രാം കഞ്ചാവ് പരിശോധനയില്‍ കണ്ടെടുത്തു.
സൂപ്പിക്കട മദ്രസ സ്റ്റോപ്പിലെ വാടകവീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പെരുവണ്ണാമൂഴി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ സുഷീറിന്റെ നേതൃത്വത്തില്‍ ഇവിടെ പോലീസ് ചൊവ്വാഴ്ച ഉച്ചയോടെ പരിശോധനയ്‌ക്കെത്തി. ഈ വിവരമറിഞ്ഞ ലത്തീഫ് വീട്ടില്‍ കതകടച്ചിരിക്കുകയായിരുന്നു. പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും വാതില്‍ തുറന്നില്ല.
ഒടുവില്‍ കൂടുതല്‍ പോലീസെത്തി രാത്രി 7.30ഓടെ എസ്.ഐ ആര്‍.സി ബിജുവിന്റെ നേതൃത്വത്തില്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. കഞ്ചാവ് സൂക്ഷിച്ച വീട്ടിലെ കുട്ടികളെ മര്‍ദിച്ചതായുള്ള പരാതിയില്‍ മറ്റൊരു കേസും ലത്തീഫിന്റെപേരില്‍ പോലീസ് എടുത്തിട്ടുണ്ട്.
എസ്.ഐമാരായ മനോജ്, എം രാജീവന്‍, എ.എസ്.ഐ രഞ്ജീഷ്, സി.പി.ഒമാരായ സൗമ്യ, ഷൈജു, അനീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.