ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം ഒഴുക്കില്‍പ്പെട്ടു; ഇതര സംസ്ഥാന തൊഴിലാളിയായ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ മരിച്ചു


തിരുവമ്പാടി: ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുള്ള പൊയിലിങ്ങാപ്പുഴയിലാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനായ തൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി ഭരത് മഹത്വയാണ് മരിച്ചത്. നാല്‍പ്പത്താറ് വയസ്സായിരുന്നു.

ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓളിക്കല്‍ ഭാഗത്തായിരുന്നു അപകടം. നിര്‍മ്മാണത്തിലിരിക്കുന്ന പൂവാറന്‍തോട് ജലവൈദ്യുത പദ്ധതി പ്രവൃത്തിക്കെത്തിയതായിരുന്നു. ജോലിയുടെ ഭാഗമായി ജല വിതരണ പൈപ്പ് നന്നാക്കാനായി സഹപ്രവര്‍ത്തകരോടൊപ്പം പുഴയിലിറങ്ങിയതായിരുന്നു. ഇതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. ഇതറിയാതെ കൂടെയുള്ളവര്‍ മടങ്ങുകയായിരുന്നു. പിന്നീട് മുറിയിലെത്തിയപ്പോള്‍ ഭരത് കൂടെയില്ലെന്നറിഞ്ഞ് അന്വേഷിക്കുന്നതിനിടെ കരയില്‍ ചെരുപ്പ് കാണുകയായിരുന്നു.

സഹപ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുക്കം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സംഘമെത്തി ദീര്‍ഘ നേരം നടത്തിയ തിരച്ചിലിനൊടുവില്‍ 20 അടി താഴ്ച്ചയുള്ള കയത്തില്‍ നിന്നും നാലരമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവമ്പാടി പൊലീസും നാട്ടുകാരും തിരച്ചിലിന് നേതൃത്വം നല്‍കി.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.