അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ വില്‍പ്പനയ്ക്കായി എത്തിച്ചു; മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കോഴിക്കോട് യുവാവ് അറസ്റ്റില്‍


കോഴിക്കോട്: നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട, മാങ്കാവ് കിണാശ്ശേരിയില്‍ അഞ്ച് ഗ്രാം എംഡിഎംഐയുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് വളയനാട് പൊക്കുന്ന് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ശരത്ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.

പ്രതി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നഗരത്തില്‍ എംഡിഎംഎ വില്‍പ്പന നടത്തി വരികയായിരുന്നു. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗവും ബസ് മാര്‍ഗ്ഗവും എത്തിച്ചാണ് കോഴിക്കോട് നഗരത്തില്‍ വില്‍പ്പന നടത്തി വരുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ഇയാളെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പിടിച്ചെടുത്ത എംഡിഎംഎ 25000 രൂപയ്ക്ക് തലശ്ശേരിയില്‍ നിന്നും വാങ്ങിയതാണെന്നും പ്രതി സമ്മതിച്ചു. ഇയാളുടെ സ്‌കൂട്ടറും മൊബൈല്‍ ഫോണും ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തു.

എക്‌സൈസ് ഓഫീസര്‍ അനില്‍കുമാര്‍ പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.പി ഷാജു, മുഹമ്മദ് അബ്ദുല്‍ റൗഫ്, എന്‍ ജലാലുദ്ദീന്‍, വിനു വി.വി, സതീഷ് പി.കെ, എക്‌സൈസ് ഡ്രൈവര്‍ ബിബിനേഷ് എം.എം എന്നിവും സംഘത്തില്‍ ഉണ്ടായിരുന്നു.