ഡേറ്റാ ബാങ്കായാലും നെൽവയലായാലും വീടില്ലാത്ത കുടുംബത്തിന് വീടുവെക്കാൻ അനുമതി നൽകണം; തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
തിരുവനന്തപുരം: താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാൻ ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ-തണ്ണീർത്തട പരിധിയിൽപ്പെട്ടാലും അനുമതി നൽകണം. ഗ്രാമപഞ്ചായത്തിൽ 10 സെൻറും നഗരത്തിൽ 5 സെൻറും സ്ഥലമാണ് പഞ്ചായത്ത്/നഗരസഭ അനുമതി നൽകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അർഹതപ്പെട്ടവർക്ക് സമയബന്ധിതമായി അനുമതി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നെൽവയൽ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥയിൽ സർക്കാർ 2018-ൽ ഭേദഗതി കൊണ്ടുവന്നു. ഈ ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ‘നിലം’ ഇനത്തിൽപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണം 10 സെൻറിൽ കവിയാത്ത പക്ഷം അവിടെ 120 ച.മീ (1291.67 ചതുരശ്ര അടി) വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല. ഇത്തരം ഭൂമിയിലെ വീടുകളുടെ നിർമ്മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും പെർമിറ്റ് ലഭിക്കുന്നതിന് ഒരു തടസവാദവും ഉന്നയിക്കാൻ കഴിയില്ല. ഇത്തരം അപേക്ഷകളിൽ വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അനുവദിക്കുന്നതിന് ഭൂമി ബി.ടി.ആറിൽ നിലം എന്നു രേഖപ്പെടുത്തിയത് തടസ്സമാവില്ല എന്ന് ഉറപ്പുവരുത്തുന്നതാണ്.

അതുപോലെ 5 സെൻറ് വരെയുള്ള ഭൂമിയിൽ 40 ച. മീ (430.56 ച.അടി) വരെ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും പ്രസ്തുത നിയമത്തിലെ 27 (എ) വകുപ്പു പ്രകാരം തരംമാറ്റൽ ആവശ്യമില്ല. കെട്ടിടനിർമ്മാണ അപേക്ഷയോടൊപ്പം നിർദ്ദിഷ്ട ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ല എന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി മുമ്പാകെ സമർപ്പിച്ചാൽ മതിയാകും. പലപ്പോഴും ഇതിന് തയ്യാറാകാത്ത സ്ഥിതിയുണ്ട്. ഇക്കാരണത്താൽ 2018-ൽ നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഭേദഗതി വരുത്തിയതിൻറെ ആനുകൂല്യം ജനങ്ങൾക്ക് അനുഭവേദ്യമാകുന്നില്ല എന്നത് വസ്തുതയാണ്. അപേക്ഷകൾ സ്വീകരിക്കാതെയും വസ്തുതകൾ മനസ്സിലാക്കാതെയും ഉദ്യോഗസ്ഥർ വരുത്തുന്ന കാലതാമസം കാരണം നിരവധി പേരാണ് ചെറിയ വീട് പണിയുന്നതിനുവേണ്ടി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇത് ഉദ്യോഗസ്ഥതലത്തിൽ വരുത്തുന്ന ഗുരുതരമായ അനാസ്ഥയായി മാത്രമേ കാണാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ ബന്ധപ്പെട്ട വകുപ്പുകളിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അവ അടിയന്തരമായി തീർപ്പ് കൽപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്. നെൽവയൽ തണ്ണീർത്തട നിയമം നിലവിൽ വന്ന 2008ൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നതും ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതുമായ നെൽവയലിൻറെ ഉടമസ്ഥനോ അയാളുടെ കുടുംബത്തിനോ വീട് വയ്ക്കാൻ പറ്റിയ സ്ഥലം സ്വന്തം ജില്ലയിൽ ഇല്ലാത്തപക്ഷം ഗ്രാമപഞ്ചായത്തിൽ 10 സെൻറും നഗരപ്രദേശങ്ങളിൽ 5 സെൻറും നിലം വീട് വയ്ക്കാനും അനുമതി ലഭിക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അനുമതി നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓരോ കാരണവും പറഞ്ഞ് മടക്കലാണ് തങ്ങളുടെ ഉത്തരവാദിത്വമെന്ന് കരുതാൻ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.