സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡും മികച്ചനടന്മാർക്കുള്ള പ്രത്യേക ജൂറി അവാർഡും; മേമുണ്ടയുടെ ‘ശ്വാസം’ വടകരയിലെ കാണികൾക്ക് മുന്നിലേക്ക്


വടകര: സംസ്ഥാന സ്കൂൾകലോത്സവം ഹൈസ്കൂൾവിഭാഗം നാടകമത്സരത്തിൽ എ ഗ്രേഡ് നേടിയ മേമുണ്ട എച്ച്.എസ്.എസിലെ നാടകം ‘ശ്വാസം’ വടകരയിലെ കാണികൾക്ക് മുന്നിൽ അരങ്ങേറുന്നു. വടകര സാംസ്ക്കാരിക ചത്വരത്തിൽ ജനുവരി 15 ന് രാത്രി 8 മണിക്കാണ് നാടകം അരങ്ങേറുക.

അപ്പീൽവഴിയാണ് മേമുണ്ട യുടെ നാടകം സംസ്ഥാനകലോത്സവത്തിനെത്തിയത്. മികച്ചപ്രകടനത്തോടെ എ ഗ്രേഡും മികച്ചനടന്മാർക്കുള്ള പ്രത്യേക ജൂറി അവാർഡും മേമുണ്ടയ്ക്ക് നേടാനായി. ഫിദൽ ഗൗതം, യാഷിൻ റാം എന്നിവരാണ് മികച്ചനടന്മാർക്കുള്ള ജൂറി പരാമർശത്തിന് അർഹരായത്.

ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ശ്വാസം എന്ന നാടകം സദാചാരപോലീസിങ്ങിൽ ജീവിതം ഹോമിക്കപ്പെടുന്ന കുട്ടികളുടെ ജീവിതത്തിലേക്കാണ് പ്രേക്ഷകരെ നയിക്കുന്നത്. ‘തകര’ എന്ന സി നിമയുമായി ചേർത്തുവെച്ചായിരുന്നു അവതരണം.

തകരയിലെ ചെല്ലപ്പനാശാരി നാടകത്തിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ്. ഫിദൽ ഗൗതമാണ് ഈ വേഷമിട്ടത്. ബലൂൺ വിൽപ്പനക്കാരൻ്റെ മകനായി യാഷിൻ റാം അഭിനയിച്ചു. ദേവാഞ്ജന എസ്. മനോജ്, അലൻ ഗോവി ന്ദ്, സിയാര, ഇഷാൻ, നീഹാർ ഗൗതം, നവതേജ്, ഗുരു പ്രണവ്. നിയ നിഷ്‌ എന്നിവരും നാടകത്തിൽ വേഷമിട്ടു.

Summary: A Grade and Special Jury Award for Best Actors at the State School Arts Festival; Maymunda’s ‘Swasam’ in front of the audience in Vadakara