പാലക്കാട് മലമ്പുഴയില്‍ മൂക്കില്‍ പാമ്പുകടിയേറ്റ് നാലരവയസ്സുകാരന്‍ മരിച്ചു


 

പാലക്കാട്: ഉറങ്ങിക്കിടന്ന നാലരവയസുകാരന്‍ മൂക്കില്‍ പാമ്പ് കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എന്‍. രവീന്ദ്രന്റെ മകന്‍ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്.

 

വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും വീണ പാമ്പ് രാത്രി അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്.

വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് പായ വിരിച്ച് ബിബിതയും കുഞ്ഞും ഉറങ്ങുകയായിരുന്നു. ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂരയില്‍ നിന്നാണു പാമ്പ് കുട്ടിയുടെ മുഖത്തു വീണത്. കുട്ടിയുടെ നിലവിളി കേട്ട് ഉണര്‍ന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കില്‍ ചോരപ്പാടുകള്‍ കണ്ടത്.

 

കട്ടിലിനടിയില്‍ പാമ്പിനെ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അമ്മവീട്ടില്‍ വച്ചാണ് സംഭവം. ശംഖുവരയനാണ് കടിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്.

 

കുട്ടിയെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. കൊട്ടേക്കാട് കാളിപ്പാറ വി.കെ..എന്‍ എല്‍.പി സ്‌കൂളില്‍ യു.കെ.ജി വിദ്യാര്‍ത്ഥിയാണ്. ഇതേ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അദ്വൈദാണു സഹോദരന്‍.