മോഷ്ടിച്ച് കിട്ടുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിന് ചെലവഴിക്കും, കൂടുതല്‍ പണം കിട്ടിയാല്‍ ഗോവയ്ക്ക് പോകും; വാഹന മോഷണവും തിരുവങ്ങൂരിലെ ക്ഷേത്രപാലന്‍ കോട്ട അമ്പലത്തില്‍ കവര്‍ച്ചയും, വിദ്യാര്‍ഥികളുള്‍പ്പെട്ട അഞ്ചംഗ സംഘം പിടിയില്‍



കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗിക്കാനായി വാഹനമോഷണവും ക്ഷേത്രക്കവര്‍ച്ചയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം പോലീസ് പിടിയില്‍. സംഘത്തില്‍ ഒരാള്‍ക്ക് മാത്രമാണ് പ്രായപൂര്‍ത്തിയായത്. മറ്റ് നാലുപേരും വിദ്യാര്‍ഥികളാണ്. വെള്ളയില്‍, നാലുകുടിപ്പറമ്പ് ഷാഹിദ് അഫ്രീദിയാണ് (18) പ്രായപൂര്‍ത്തിയായ സംഘാംഗം. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പോലീസ് നടത്തിയ മൊഴിയെടുപ്പില്‍ കൊയിലാണ്ടി തിരുവങ്ങൂരിലെ ക്ഷേത്രപാലന്‍ കോട്ട അമ്പലത്തില്‍ മോഷണം നടത്തിയത് തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചു. തിക്കോടി ടൗണിലെ കടകളിലും സംഘം മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ ബാലുശ്ശേരി, ഫറോക്ക്, നടക്കാവ്, വെള്ളയില്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ വീടുകളില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ രാത്രി മോഷണം നടത്തിയതും സംഘമാണെന്ന് വ്യക്തമായി.

വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍ക്കുന്ന പതിവും ഇവര്‍ക്കുണ്ട്. മോഷ്ടിച്ച് കിട്ടുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനുവേണ്ടിയാണ് ചെലവഴിക്കുന്നത്. കൂടുതല്‍ പണം കിട്ടിയാല്‍ ഗോവയിലേക്ക് പോവുകയാണ് രീതി.

സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ബി കൈലാസ് നാഥ്, കിരണ്‍ ശശിധര്‍, ബാബു പുതുശ്ശേരി, എ.എസ്.ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി ശ്രീകാന്ത്, സി.ഹരീഷ് കുമാര്‍, പി.എം ലെനീഷ്, വി.ടി ജിത്തു, ശ്രീജേഷ് പൂതേരി എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അച്ഛനമ്മമാരെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷാഹിദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു.

summary: a five- member gang including students who stole vehicles and robbed a temple for drug use has been arrested by the police